Mujeeb Kalanad
+91 9447746070
the first specialized local news portal in malayalam; it is KASARAGOD's OWN PORTAL
brings Latest MALAYALAM and English news from your homeland. The portal also covers ethnicity, views, art, culture, education, career, sports, business, entertainment etc. along with state news, national and world news. Actually it is linking our homeland to Malayalees in Kerala, Karnataka, Maharashtra, Tamilnadu, Delhi, Andrapradesh, Gujarat and the world specially Gulf countries simultaneously
തട്ടിപ്പിന്റെ ഫോര്‍വേഡുകള്‍
ഒരു ഇമെയില്‍ എട്ടു പേര്‍ക്കു ഫോര്‍വേഡ് ചെയ്താല്‍ ലാപ്ടോപ് ചുമ്മാ കിട്ടുമോ ? കിട്ടുമെന്നു കരുതി എട്ടിനു പതിനാറു പേര്‍ക്കു വീതം മെയില്‍ അയച്ചു പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ലക്ഷക്കണക്കിനാളുകള്‍. കാന്‍സര്‍ വരാനുള്ള ഭീകരമായ കാരണങ്ങള്‍ കാണിച്ച് അമിേക്കയിലെ ജോണ്‍ ഹോപ്കിന്‍സ് കാന്‍സര്‍ സെന്ററില്‍ നിന്നുള്ള ഒരു കാന്‍സര്‍ അപ്ഡേറ്റ് വിശ്വസിച്ച് ഭക്ഷണപാനീയങ്ങളെ ഭയന്നു കഴിയുന്നവരും അറിയുക, നിങ്ങള്‍ വിഡ്ഢികളാക്കപ്പെട്ടിരിക്കുന്നു.
സത്യസന്ധമെന്നു തോന്നുന്ന വിധം കെട്ടിച്ചമച്ച ഇത്തരം ആയിരക്കണക്കിനു മെയിലുകളാണ് സത്യമെന്നു കരുതി സമ്മിശ്രവികാരങ്ങളോടെ ദിവസവും ഫോര്‍വേഡ് ചെയ്യപ്പെടുന്നത്. ഇ മെയില്‍ ഫോര്‍വേഡ് ചെയ്യുന്നവര്‍ക്ക് സോണി എറിക്സണ്‍ സൌജന്യമായി ലാപ്ടോപ് നല്‍കുന്നു എന്നു പ്രചരിപ്പിച്ച വ്യാജമെയിലാണ് അടുത്തകാലത്ത് ഏറെപ്പേരെ വഴിതെറ്റിച്ച തട്ടിപ്പ്. തട്ടിപ്പേത് സത്യമേത് എന്നു തിരിച്ചറിയാനാവാത്ത വിധം സങ്കീര്‍ണമാണ് ഫോര്‍വേഡ് ഇമെയിലുകളുടെ സ്ഥിതി. ഇന്‍ബോക്സിലേക്കു വന്നു ചാാടുന്ന മെയിലുകളെ വിശ്വസിക്കുക അല്ലെങ്കില്‍ അവിശ്വസിക്കുക എന്നല്ലാതെ മറ്റു മാര്‍ഗമില്ല. അവിശ്വസിക്കാന്‍ തീരുമാനിച്ചാലും ചിലത് അവയുടെ ആധികാരികത കൊണ്ട് വളരെ വിശ്വസനീയമായി തോന്നുമെന്നതിനാല്‍ പിന്നെയും ഫോര്‍വേഡ് ചെയ്യുന്നു. അങ്ങനെ ലോകത്തിലെ ഏറ്റവും പ്രചാരമുള്ള മാധ്യമമായി ഫോര്‍വേഡ് മെയിലുകള്‍ നുണകളെ സത്യമാക്കുന്നു, അര്‍ഥസത്യങ്ങള്‍ വച്ചു ഭീതി പരത്തുന്നു.
ആരോഗ്യസംബന്ധമായ മെയില്‍ തട്ടിപ്പുകള്‍ക്കാണ് ആളുകള്‍ ഏറ്റവുമധികം വിധേയരാകുന്നത്. ഏറെ പ്രചരിച്ച തട്ടിപ്പു മെയിലാണ് ജോണ്‍ ഹോപ്കിന്‍സ് കിമ്മല്‍ കാന്‍സര്‍ സെന്ററില്‍ നിന്നുള്ള കാന്‍സര്‍ അപ്ഡേറ്റ്. വീടിനു പുറത്തിറങ്ങാതെ, തുള്ളിവെള്ളം പോലും കഴിക്കാതെ ജീവിച്ചാല്‍ കാന്‍സര്‍ വരാതെ മരിക്കാം എന്നാണു മെയിലിന്റെ രത്നച്ചുരുക്കം. വര്‍ഷങ്ങളായി കറങ്ങിനടക്കുന്ന ഈ മെയിലുമായി യാതൊരു ബന്ധവുമില്ലെന്ന് 2007 മാര്‍ച്ചില്‍ ജോണ്‍ ഹോപ്കിന്‍സ് കാന്‍സര്‍ സെന്റര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അല്‍പസത്യങ്ങളടങ്ങിയിട്ടുള്ള ഇത്തരം സന്ദേശങ്ങളെ പൂര്‍ണമായി വിശ്വസിക്കുന്നിടത്താണ് സാധാരണക്കാര്‍ പിന്നെയും അബദ്ധത്തില്‍ ചാാടുന്നത്.
ഇന്ത്യയുടെ ദേശീയഗാനമായ ജനഗണമന ലോകത്തെ ഏറ്റവും മികച്ച ദേശീയഗാനമായി യുനെസ്കോ തിരഞ്ഞെടുത്തു എന്നു പ്രചരിപ്പിക്കുന്ന ഒരു മെയില്‍ 2008 മുതല്‍ പ്രചരിക്കുന്നുണ്ട്. ഓരോ രാജ്യക്കാര്‍ക്കും സ്വന്തം ദേശീയഗാനമായിരിക്കും ലോകത്തിലെ ഏറ്റവും മികച്ചതെന്നിരിക്കെ യുനെസ്കോ ഇങ്ങനൊരു മണ്ടത്തരം കാണിക്കില്ല എന്നു സാമാന്യബുദ്ധികൊണ്ടു ചിന്തിക്കാമെങ്കിലും ഇതു സത്യമാണോ എന്നു പരിശോധിക്കാന്‍ നില്‍ക്കാതെ ഇപ്പോള്‍ എസ്എംഎസ് രൂപത്തില്‍ രാജ്യസ്നേഹികള്‍ ഇത് പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇത്ര നിരുപദ്രവമല്ല എല്ലാ മെയിലുകളും. ജാതിമത സ്പര്‍ധ വര്‍ധിപ്പിക്കാനുദ്ദേശിച്ച് ബോധപൂര്‍വം സൃഷ്ടിക്കപ്പെടുന്ന ചില മെയിലുകളുമുണ്ട്. അത്തരത്തിലൊന്നാണ് ഇറാനില്‍ റൊട്ടി മോഷ്ടിച്ച ബാലനു ക്രൂരന്മാരായ നാട്ടുകാര്‍ നല്‍കിയ ശിക്ഷ.
നിലത്തു കിടക്കുന്ന ബാലന്റെ കയ്യിലൂടെ കാര്‍ കയറ്റിയിറക്കുന്ന ഭീകരമായ ശിക്ഷയുടെ ആറ് ചിത്രങ്ങളാണ് മെയിലില്‍ നല്‍കിയിട്ടുള്ളത്. ശിക്ഷയെക്കുറിച്ച് മൈക്കിലൂടെ പ്രഖ്യാപിക്കുന്ന ഭീകരന്‍ അരികില്‍ കൂളായിരിക്കുന്നു, ക്രൂരന്‍മാരായ നാട്ടുകാര്‍ നോക്കി നില്‍ക്കുന്നു. എന്നാല്‍, സത്യമറിയണമെങ്കില്‍ ഫോര്‍വേഡില്‍ കാണാത്ത ഏഴാമത്തെ ചിത്രം കൂടി കാണണം. അതില്‍ 'ശിക്ഷ'" കഴിഞ്ഞ് ബാലന്‍ എണീറ്റു കുത്തിയിരിക്കുന്നുണ്ട്. സത്യത്തില്‍ ഒരു നാടോടിബാലന്റെ തെരുവ് അഭ്യാസപ്രകടനത്തെയാണ് ഇത്തരത്തില്‍ ശിക്ഷയായി വളച്ചൊടിച്ച് ആയിരങ്ങളെ തെറ്റിദ്ധരിപ്പിച്ചത്.
ലോകം മുഴുവന്‍ കറങ്ങി നടന്ന ഇത്തരമൊരു മെയിലില്‍ മലയാളിയായ ബാബു ശശിയുമുണ്ട്. പ്രാഥമികനിഗമനങ്ങള്‍ അനുസരിച്ച് വ്യാജമെന്നു മുദ്രകുത്തിയിരിക്കുന്ന മെയില്‍ ലോകത്തെ ഏറ്റവും ഉയര്‍ന്ന സ്ഥാനത്തിരിക്കുന്നതാര് എന്ന ചോദ്യത്തോടെയാണു തുടങ്ങുന്നത്. ഒബാമയുടെയും, മാര്‍പാപ്പയുടെയുമൊക്കെ പേര് ചോയ്സിലുണ്ടെങ്കിലും ഇ മെയില്‍ പ്രകാരം ശരിയുത്തരം മലയാളിയായ ബാബു ശശിയാണ്. ലോകത്തെ ഏറ്റവും ഉയരമുള്ള ബുര്‍ജ് ദൂബായുടെ ഏറ്റവും ഉയരമുള്ള നിലയില്‍ ക്രെയിന്‍ ഓപ്പറേറ്ററായി ജോലി ചെയ്യുന്നതു വിശ്വസിക്കാം, പക്ഷെ താഴെ വരെ വന്നുപോകാനുള്ള ബുദ്ധിമുട്ടുകാരണം ഒരു വര്‍ഷമായി ബാബു ആകാശത്തോളം പൊക്കത്തില്‍ ക്രെയിനിന്റെ ഉള്ളിലാണ് താമസം എന്നു പറഞ്ഞു വിശ്വസിപ്പിച്ചു കളഞ്ഞു മെയില്‍. ബാബുവിന്റെ ആസ്ഥാനം അടയാളപ്പെടുത്തിയ ചിത്രവും മെയിലിനോടൊപ്പമുണ്ട്.
എടിഎം കൊള്ളക്കാരെ പരോക്ഷമായി സഹായിക്കുന്ന ഒരു മെയില്‍ ഇപ്പോള്‍ പ്രചാരത്തിലുണ്ട്. എടിഎമ്മിനുള്ളില്‍ നിങ്ങള്‍ പണമെടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയാണെങ്കില്‍ ബഹളമുണ്ടാക്കാന്‍ നില്‍ക്കാതെ പിന്‍നമ്പര്‍ തലതിരിച്ച് എന്റര്‍ ചെയ്താല്‍ എമര്‍ജന്‍സി സന്ദേശം പോവുകയും പോലീസെത്തി നിങ്ങളെ രക്ഷിക്കുകയും ചെയ്യുമെന്നാണ് സന്ദേശം. ഇത് അസാധ്യമായ കാര്യമല്ല. അമേരിക്കയില്‍ മുമ്പ് ഇത്തരത്തില്‍ ഒരു പരീക്ഷണം നടക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഒരിടത്തും ഇത്തരമൊരു സംരംഭം പ്രാബല്യത്തില്‍ വന്നിട്ടില്ല. പിന്‍ നമ്പര്‍ തലതിരിച്ച് എന്റര്‍ ചെയ്ത് കയ്യും കെട്ടി നിന്നാല്‍ പോലീസ് വരില്ല എന്നു ചുരുക്കം.
ഇതുകൊണ്ടൊന്നും തീരുന്നില്ല തട്ടിപ്പുകാരുടെ സൂത്രങ്ങള്‍. ചിലത് നിരുപദ്രവമാണ്, ചിലത് രസകരവും. എന്നാല്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കാവുന്ന അനേകം മെയിലുകള്‍ ഇവയ്ക്കിടയിലൂടെ വരും. ലോകത്തെ ഞെട്ടിച്ച എയര്‍ ഫ്രാന്‍സ് വിമാനദുരന്തത്തിനു തൊട്ടുമുമ്പ് ഉലയുന്ന വിമാനത്തില്‍ യാത്രക്കാര്‍ ചിന്നിച്ചിതറുന്നതിന്റെ ചിത്രങ്ങള്‍ കണ്ടാല്‍ ആരാണ് അമ്പരന്നു പോകാത്തത്. എന്നാല്‍ 2006 മുതല്‍ നടക്കുന്ന എല്ലാ വിമാനാപകടങ്ങളുടെയും ചിത്രമെന്ന പേരില്‍ പ്രചരിക്കുന്ന വ്യാജമെയിലിന്റെ അപ്ഡേറ്റ് മാത്രമാണ് എയര്‍ ഫ്രാന്‍സ് ദുരന്തമുഖത്തെ ചിത്രങ്ങള്‍. അതാകട്ടെ, ലോസ്റ്റ് എന്ന ടിവി പരമ്പരയില്‍ നിന്നുള്ള ചിത്രങ്ങളും.
റഷ്യയിലെ മനുഷ്യാവയവഫാക്ടറിയുടെ ചിത്രങ്ങള്‍, ഈജിപ്തില്‍ ഒരു വിചിത്ര എസ്എംഎസ് ലഭിച്ച ഉടനെ ആളുകള്‍ തലവേദന വന്നു മരിക്കുന്ന വാര്‍ത്ത, നരഭോജികളായ ബാക്ടീരിയകളടങ്ങിയ കോസ്റ്റ റിക്കയില്‍ നിന്നുള്ള നേന്ത്രപ്പഴത്തെപ്പറ്റിയുള്ള മുന്നറിയിപ്പ് തുടങ്ങി ആളെപ്പേടിപ്പിക്കുന്ന വ്യാജമെയിലുകള്‍ക്ക് ഒരു പഞ്ഞവുമില്ല. സൂനാമി കാലത്ത് നിത്യവും അപകടത്തില്‍ പെട്ടു കിട്ടിയ കുട്ടികളുടെ ചിത്രങ്ങളുമായുള്ള മെയിലുകള്‍ ഇവരെ തിരിച്ചറിയൂ എന്ന അപേക്ഷയുമായി പ്രചരിച്ചിരുന്നു. ഇപ്പോള്‍ ഇവരെ കണ്ടെത്താന്‍ സഹായിക്കൂ എന്ന അപേക്ഷയോടെ കാണാതായ കുട്ടികളുടെ ചിത്രങ്ങളാണ് പ്രചരിക്കുന്നത്. ഗൂഗിളിന്റെ സൂറിക് ഓഫിസിന്റെ ചിത്രങ്ങളെന്ന പേരില്‍ നൂതനമായ ഓഫിസ് സംവിധാനത്തിന്റെ ചിത്രങ്ങള്‍ കോര്‍ത്തിണക്കി ഒരു മെയില്‍ ഇപ്പോള്‍ പ്രചാരത്തിലുണ്ട്. വിവിധ വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ചിത്രങ്ങള്‍ ഉപയോഗിച്ചാണ് ഇത്തരം മെയിലുകള്‍ സൃഷ്ടിക്കുന്നത്. സൃഷ്ടിക്കുന്നയാള്‍ ലക്ഷ്യം വയ്ക്കുന്നതെന്താണെന്നറിയാതെ ഇരകളാകുന്ന ഓരോരുത്തരും അത് ഫോര്‍വേഡ് ചെയ്യുക കൂടി ചെയ്യുമ്പോള്‍ അജ്ഞാതമായ ഏതോ ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയാണ്.
ഫോര്‍വേഡ് മെയിലുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ പ്രധാനമായും ചില കാര്യങ്ങള്‍ മനസ്സില്‍ വയ്ക്കുക:-
1. ഒരിക്കലും സുപ്രധാനമായ വിവരങ്ങള്‍ ആധികാരികമായി പങ്കുവയ്ക്കുന്നത് ഇ മെയില്‍ ഫോര്‍വേഡുകളിലൂടെയല്ല. അതിന് ലോകത്ത് അനേകം ശക്തമായ മാധ്യമങ്ങളുണ്ട്.
2. ആരോഗ്യത്തെപ്പറ്റിയും രോഗത്തെപ്പറ്റിയും മെയില്‍ ഫോര്‍വേഡുകളില്‍ കാണുന്ന ഉപദേശങ്ങളും മുന്നറിയിപ്പുകളും ഒരു കാരണവശാലും മുഖവിലയ്ക്കെടുക്കരുത്. തെറ്റിദ്ധാരണാജനകമായ അത്തരം മെയിലുകള്‍ മറ്റുള്ളവര്‍ക്കു ഫോര്‍വേഡ് ചെയ്യരുത്.
3. കാണാതാവുന്ന ആളുകളെ കണ്ടെത്താന്‍ ഇ-മെയില്‍ ഉപയോഗിക്കാറുണ്ടെങ്കിലും നിങ്ങള്‍ ലഭിച്ച ഇ-മെയില്‍ എത്ര പഴക്കമുള്ളതാണെന്നറിയാതെ ഫോര്‍വേഡ് ചെയ്യരുത്.
4. ഇത് പത്തു പേര്‍ക്കു ഫോര്‍വേഡ് ചെയ്താല്‍ പുണ്യം കിട്ടും ഇല്ലെങ്കില്‍ മരിച്ചുപോകും എന്ന മട്ടിലുള്ള ബാലിശമായ മെയിലുകളെ അവഗണിക്കുക. ഈശ്വരന്റെ നിലനില്‍പ് ഇ മെയില്‍ ഫോര്‍വേഡുകളിലല്ല.
5. വ്യക്തികളെയോ കമ്പനികളെയോ ബ്രാന്‍ഡുകളെയോ പേരെടുത്ത് പറഞ്ഞ് പുകഴ്ത്തുകയോ ഇകഴ്ത്തുകയോ ചെയ്യുന്ന മെയിലുകളെ തൊടാതെ വിട്ടേക്കുക. അറിഞ്ഞോ അറിയാതെയോ ഒരു കുറ്റകൃത്യത്തിനു കൂട്ടുനില്‍ക്കാതിരിക്കുക.
വ്യാജഫോര്‍വേഡുകളെ തിരിച്ചറിയാന്‍ ഇവ ശ്രദ്ധിക്കുക:-
. എല്ലാ വ്യാജഫോര്‍വേഡുകളും ഒരു കാര്യം ആവര്‍ത്തിച്ചാവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ടാവും. ദയവായി ഇത് നിങ്ങളുടെ പരിചയത്തിലുള്ള എല്ലാവര്‍ക്കും ഫോര്‍വേഡ് ചെയ്യൂ എന്ന്. ലോട്ടറിയോ സമ്മാനമോ ദൈവാനുഗ്രഹമോ എന്തായാലും നിശ്ചിത എണ്ണം മെയിലുകള്‍ അയച്ചാല്‍ മാത്രമേ ലഭ്യമാകൂ എന്ന് വ്യക്തമാക്കുന്ന മെയിലുകള്‍.
. വ്യാജമെയിലുകള്‍ക്ക് അവയുടേതായ ഒരു ഭാഷയുണ്ട്. എന്തിന്റെയോ ഒക്കെ മുള്‍മുനയിലാണ് താനെന്നു വായനക്കാരനെ തോന്നിപ്പിക്കുന്ന ഭാഷ. കഴിയുന്നതും വലി. അക്ഷരങ്ങളില്‍ നിറം കൊടുത്ത് പൊലിപ്പിക്കുന്ന വാക്കുകള്‍ ഇവയുടെ പ്രത്യേകതയാണ്.
. അനാവശ്യമായ ആധികാരികതയാണ് മറ്റൊന്ന്. ഏതെങ്കിലും പേരെടുത്ത ഏജന്‍സിയുടെയോ സ്ഥാപനത്തിന്റെയോ വ്യക്തിയുടെയോ തന്നെ ലോഗോ ഉപയോഗിച്ചുള്ള പ്രചാരണം.
. കര്‍ക്കശമായ ഭാഷയിലൂടെ നിസ്സംശയം ഒരു കാര്യം സ്ഥാപിക്കുന്ന ഇത്തരം മെയിലുകള്‍ അവയുടെ വിശ്വനീയത തെളിയിക്കാന്‍ ഒറ്റ ലിങ്കു പോലും നല്‍കില്ല എന്നതാണ് മറ്റൊരു പ്രത്യേകത.
.
sent by Hameed Majal Patla
No comments:
Post a Comment