KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar

KVARTHA: NEWS IN MALAYALAM

The NEWS- English

Wednesday, July 8, 2009

Dear House driver in Gulf പ്രിയപ്പെട്ട ഹൗസ്‌ഡ്രൈവര്‍ക്ക്..!

പ്രിയപ്പെട്ട ഹൗസ്‌ഡ്രൈവര്‍ക്ക്..!

ഗള്‍ഫിലേക്കു പറന്ന ഒരു വിമാനത്തോട് കൂടെപ്പറന്ന കഴുകന്‍ ചോദിച്ചു! "വിശന്നിട്ടു വയ്യ! ഒരെണ്ണം! ഒരെണ്ണത്തിനെ എനിക്ക് തരുമോ?!"

വിമാനത്തിനു ദേഷ്യം വന്നു; "പോയിപ്പണിനോക്കെടാ കഴുകന്റെ മോനേ! ഇവരെയൊക്കെ അറബികള്‍ക്കു വേണ്ടി കൊണ്ടൂപോണതാ...; ഞാന്‍ തിരിച്ചു വരട്ടെ; ചിലപ്പോ വല്ല ഹൗസ്‌ഡ്രൈവര്‍മാരെയോ മറ്റോ കിട്ടിയേക്കും.എനിക്കെന്തെങ്കിലും ചായകുടിക്കാന്‍ തന്നാല്‍ മതി!"

ഗള്‍ഫിനും പ്രൗഢ കേരളത്തിനും ഇടയില്‍ നിരന്തരം മനുഷ്യ ക്രയവിക്രയം നടത്തുന്ന ആ വിമാനത്തിനറിയാമായിരുന്നു ഗള്‍ഫില്‍ ജോലിചെയ്ത് തിരിച്ചു വരുന്നവന്റെ അവസ്ഥ കഴുകനു മോഹിക്കാവുന്ന രീതിയിലായിട്ടുണ്ടാകുമെന്ന്! ഇതു പറയുമ്പോള്‍ ബാക്കിയുള്ളവരെല്ലാം മാലാഖമാര്‍ മോഹിക്കുന്ന രാജകുമാരന്‍‌മാരാണെന്നൊന്നും ധരിച്ചുപൊകല്ലേ..! എല്ലാരും കണക്കാണ്. ജീവിതം കൂട്ടിനോക്കിയാല്‍ വട്ടപ്പൂജ്യവും പൊട്ടത്തെറ്റും മാത്രമുള്ള വെറും ഒരു പൊട്ടക്കണക്ക്!

ആ കഴുകന്‍ മോഹഭംഗംവന്ന് നിരാശബാധിച്ച് മരിക്കട്ടെ; ഇനിമേല്‍ തൊട്ടുനക്കാന്‍ പോലും ഒരു നഷ്ടജന്‍‌മത്തെയും മലയാള മണ്ണില്‍ നിന്നും അവനു കിട്ടാതിരിക്കട്ടെ എന്ന വ്യര്‍ത്ഥ‌മോഹങ്ങളോടെ, നിലവില്‍ ഗള്‍ഫില്‍ ജീവിക്കുകയോ ജീവിക്കുന്നതായി ഭാവിക്കുകയോ ചെയ്യുന്നവര്‍ എനിക്കെതിരെ മാനനഷ്ടത്തിന് കേസ്കൊടുക്കില്ല എന്ന വിശ്വാസത്തില്‍ ചില കാര്യങ്ങള്‍ ഞാന്‍ പറയട്ടെ!

സൗദിയില്‍ ഫ്രീവിസ എന്ന സാങ്കല്‍‌പിക സ്വാതന്ത്ര്യത്തില്‍ ജീവിക്കുന്ന ഞാന്‍‌ എല്ലാ ദിവസവും മുടങ്ങാതെ ഒരു ഹൗസ്ഡ്രൈവറയെങ്കിലും പരിചയപ്പെടാറുണ്ട്. അതെന്റെയൊരു നേര്‍ച്ചയായത് കൊണ്ട് മനപ്പൂര്‍‌വ്വം അന്വേഷിച്ച് കണ്ടെത്തി പരിചയപ്പെടുന്നതല്ല! ചായകുടിക്കാന്‍ ബൂഫിയയില്‍ കയറിയാല്‍, സാധനം വാങ്ങാന്‍ ബഖാലയിലോ പച്ചക്കറിക്കടയിലോ കയറിയാല്‍, നടക്കുന്ന വഴിയില്‍, കാര്‍‌പാര്‍ക്കിംഗില്‍, പള്ളിയില്‍ തുടങ്ങി എവിടെയായാലും ശരി ആവറേജ് രണ്ടു മലയാളികളെയങ്കിലും ഞാന്‍ കണ്ടുമുട്ടാറുണ്ട്. ആ രണ്ടുപേരെയും പരിചയപ്പെട്ടാല്‍ അതില്‍ മിനിമം ഒരാളെങ്കിലും ഹൗസ്ഡ്രൈവര്‍ ആയിരിക്കും, അവരുടെ മുഖം വിധേയത്വത്തിന്റെ പശപിടിച്ച് വലിഞ്ഞുണങ്ങിയിരിക്കും.

ഞാന്‍ പരിചയപ്പെട്ട ഹൗസ്ഡ്രൈവര്‍മാരില്‍, അമ്പതു ശതമാനം പേരും പുതിയൊരു ഫ്രീവിസയെക്കുറിച്ചോ, സ്പോണ്‍സറെ വിട്ട് ചാടിപ്പോയി ജോലിചെയ്യുക എന്ന അപകടകരമായ അവസ്ത്ഥയില്‍ അഭയം തേടുന്നതിനെക്കുടിച്ചോ ചോദിച്ചവരാണ്; അഥവാ നിലവിലെ സ്പോണ്‍സറുടെയോ അയാളുടെ ഭാര്യയുടെയോ മക്കളുടെയോ കയ്യിലിരിപ്പ് മടുത്തവരോ, സാമ്പത്തികപ്രശ്നങ്ങള്‍ വലച്ചവരോ ആണെന്നര്‍ത്ഥം. എനിക്കെന്തെങ്കിലും അവര്‍ക്കുവേണ്ടി ചെയ്യാന്‍ കഴിയും എന്ന വിശ്വാസത്തിലൊന്നുമായിരിക്കില്ല അവര്‍ അത് ചോദിച്ചത്; ഒരാശ്വാസത്തിനു വേണ്ടി, ഒരു ദു:ഖം പങ്കുവക്കലായി മാത്രം. എന്നാലും എനിക്കൊരുകാര്യം ഉറപ്പാണ്, എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല! എനിക്കെന്നല്ല ഏതെങ്കിലും ഒരു കൊലകൊമ്പന്‍ സൗദിയില്‍ പ്രവാസിയായിട്ടുണ്ടെങ്കില്‍ അയാള്‍ക്കും കഴിയില്ല ഒരു ഹൗസ്‌ഡ്രൈവര്‍ക്കും വേണ്ടി ഒരു ചുക്കും ചെയ്യാന്‍. കേവലം സാമ്പത്തിക ക്രയവിക്രയങ്ങളൊഴികെ.

അതിനു കഴിയുന്ന ഒരു ജീവിയേ ഈ ലോകത്തുള്ളൂ. സ്പോണ്‍സര്‍! സ്പോണ്‍സര്‍ക്ക് പലതും കഴിയും. സ്പോണ്‍സറുടെ ഭാര്യക്കും, മക്കള്‍ക്കും ചിലതൊക്കെ കഴിയും. ഉറങ്ങാനനുവദിക്കാതെ എന്തു പണിയുമെടുപ്പിക്കാം, ശമ്പളം തോന്നുന്നപോലെ തോന്നിയാല്‍ കൊടുക്കാം കൊടുക്കാതിരിക്കാം, ചുമടെടുപ്പിക്കാം, കുട്ടികളുടെ വിസര്‍ജ്ജ്യം വാരിക്കാം, മരുഭൂമിയില്‍ ചൂടില്‍ താമസിപ്പിക്കാം, പൂട്ടിയിടാം. ഒരാളും ഒന്നും ചോദിക്കില്ല. ഗവണ്മെന്റ് പോലും. സ്പോണ്‍സര്‍ വേണ്ടാ എന്നു വിചാരിച്ചാല്‍ മരിച്ചാല്‍ മറവുചെയ്യാനാണെങ്കിലും ഇസ്‌ലാമിക നിയമത്തിനുപോലും കാലതാമസമെടുക്കും.

അത്ര ഏകപക്ഷീയമാണ് ഹൗസ്‌ഡ്രൈവറുടെ കരാര്‍ നിയമം. ഹൗസ്‌ഡ്രൈവര്‍ വിസയൊഴികെ ലേബര്‍, പ്ലംബര്‍ മുതലായ പ്രൊഫഷനിലുള്ളവര്‍ക്ക് സ്പോണ്‍സര്‍ഷിപ്പ് മാറ്റമോ പ്രൊഫഷന്‍ മാറ്റമോ വേണ്ടിവന്നാല്‍ സാധ്യമാണ്.സ്പോണ്‍സര്‍ അനുവദിച്ചാല്‍ മറ്റൊരു ജോലിയില്‍ പ്രവേശിക്കാനും സാധിക്കും. പണ്ടുകാലങ്ങളില്‍ അടിമക്കൈമാറ്റവും സാധ്യമായിരുന്നു. പക്ഷെ, സ്പോണ്‍സര്‍ അനുവദിച്ചാല്‍ പോലും മറ്റൊരുജോലിയും ചെയ്യാന്‍ നിവൃത്തിയില്ലാതെ, പെട്ടുപോകുക എന്ന അവസ്ഥ ഒന്നൊഴിയാതെ എല്ലാ ഹൗസ്‌ഡ്രൈവര്‍മാരുടെയും ഗതികേടാണ്. സ്പോണ്‍സറുടെ കയ്യിലിരിപ്പിന്റെ വ്യതിയാനമനുസരിച്ച് മറ്റു പ്രൊഫഷനിലുള്ളവര്‍ക്കും ഈ ഗതികേട് ബാധകമാണ്.

ഏതു വെളിച്ചം കണ്ടിട്ടാണ് ഞാനടങ്ങുന്ന യുവകേരളം ഈയാമ്പാറ്റകക്കൂട്ടമായ് ഈ കത്തുന്ന ചൂടിന്റെ ഗതികേടിലേക്ക് പറന്നടുക്കുന്നത്! ഏതു പ്രാരാബ്ധത്തിന്റെ ‍മഴയാണ് ഇവരെ ഇങ്ങനെ സ്വന്തം മണ്ണില്‍ നിന്നും ഉയര്‍ത്തി വിടുന്നത്? സ്വന്തം മക്കളും ഭാര്യയും തസ്ക്കരനെപ്പേടിച്ച് മണ്ണെണ്ണവിളക്കിനു ചുറ്റും ശബ്ദമുണ്ടാക്കാതെ കഞ്ഞികുടിക്കുമ്പോള്‍ ആരാന്റെ മക്കള്‍ക്ക് ബ്രോസ്റ്റഡും, കബാബും, ഐസ്ക്റീമും വാങ്ങിയും വാരിയും കൊടുത്ത് അവരെ കുളിപ്പിച്ചും കളിപ്പിച്ചും അവരുടെ ചവിട്ടും തുപ്പും കൊണ്ടും കഴിയാന്‍ പാകത്തിന്‍ ഏതു കട്ടിലോഹത്തിന്റെ കവചമാണ് നിങ്ങള്‍ മനസിനു ചുറ്റും എടുത്തണിഞ്ഞിരിക്കുന്നത്? സ്വന്തം ഭാര്യ തുടച്ചുതീര്‍ക്കാത്തമുഖവും, കുളിച്ചുചീകാത്ത തലമുടിയും, വാരിവലിച്ചുടുത്ത ചുളുങ്ങിയ ഓയില്‍സാരിയും, തേഞ്ഞുതീര്‍ന്ന വള്ളിച്ചെരിപ്പുമിട്ട് ദോഷൈകദൃഷ്ടികള്‍ക്കിടയിലൂടെ ബാങ്കിലേക്കും, ആശുപത്രിയിലേക്കും, കറണ്ടാപ്പീസിലേക്കും, കുട്ടികളുടെ സ്കൂളിലേക്കും മറ്റും കിതച്ചോടുമ്പോള്‍, ആരാന്റെ ഭാര്യയെ ഷോപ്പിംഗ് മാളുകള്‍ നെരക്കാനും, അവര്‍ക്ക് സാനിട്ടറിനാപ്കിന്‍ വാങ്ങിക്കൊടുക്കാനും മാത്രം ഏതവസ്ഥയിലാണ് നിങ്ങള്‍ ആത്മാഭിമാനത്തിന്റെ നുറുങ്ങിയ അസ്ഥികളൊഴുക്കിയത്? ഏതു കഴിവില്ലായ്മയെയാണ് നിങ്ങള്‍ പറ്റിപ്പോയ ഗതികേടെന്ന് നാമകരണം ചെയ്ത് കഴുത്തില്‍ ചുറ്റിയത്? ഏത് പ്രതിഭാസമാണ പിറന്നു വീണ മണ്ണില്‍ നിന്നും നിങ്ങളെ വിദൂരത്തേക്ക് തട്ടിത്തെറിപ്പിച്ചത്?

നിവൃത്തികേട് എന്ന ഒറ്റവാക്കിലൊന്നും ഉത്തരം പറഞ്ഞ് തടിയൂരാമെന്ന് ഒരാളും കരുതിപ്പോകരുത്! ഇവിടുത്തെ അവസ്ഥ ഇതാണെന്നറിയില്ലായിരുന്നു എന്നെങ്ങാനും പറഞ്ഞാല്‍ വിവരസാങ്കേതിക വിദ്യ ചങ്കുപൊട്ടി മരിക്കും എന്നു മാത്രമല്ല, ഇവിടെയുള്ള നിങ്ങളുടെ സഹോദരന്മാരും സുഹൃത്തുക്കളുമൊക്കെ വെറും പോഴന്‍മാരോ, നിങ്ങളെ മനപ്പൂര്‍വ്വം ചതിച്ചവരോ ആണെന്നുവരും. ഇനി, എല്ലാം കുടുംബത്തിനു വേണ്ടീയാണ് എന്ന ഒഴിവുകഴിവൊന്നും,കേരളത്തിന്റെ അന്തരീക്ഷത്തില്‍ അലഞ്ഞുനടക്കുന്ന നെടുവീര്‍പ്പുകള്‍ക്കു മുന്നില്‍ വിലപ്പോവില്ല. കുടുംബത്തിനു വേണ്ടീത്തന്നെ എന്നു നിങ്ങള്‍ വാദിക്കുന്നുവെങ്കില്‍ തെളിയിക്കുക, നിങ്ങള്‍ കുടുംബത്തിനു വേണ്ടീ എന്തുചെയ്തുവെന്ന്. നിങ്ങളുടെ സഹധര്‍മ്മിണിയുടെ കുടുംബജീവിതം രണ്ടോ മൂന്നോ കൊല്ലത്തില്‍ നിങ്ങള്‍ അവധിക്കുചെല്ലുന്ന രണ്ടോ മൂന്നോ മാസമാക്കിച്ചുരുക്കിയതാണോ നിങ്ങള്‍ അവര്‍ക്കു വേണ്ടീച്ചെയ്ത വലിയകാര്യം? കഞ്ഞിയും കറിയും വച്ച്, തുണിയലക്കി, തറതുടച്ച് വിശ്രമിക്കേണ്ട സമയത്ത നിങ്ങള്‍ ചെയ്യേണ്ടീയിരുന്ന ജോലികള്‍കൂടി അവര്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ ടി.വി സീരിയലിലും തായ്‌ലാന്റ് ലോട്ടറിയിലും മുഴുകനടക്കുന്നതാണോ? നിങ്ങളുടെ കുട്ടികള്‍ക്ക് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ശിക്ഷണവും നല്‍കാതെ അവരുടെ ഭാവി തുലച്ചുകളയുമാറുള്ള നിങ്ങളുടെ അസാന്നിധ്യമാണോ? പറഞ്ഞാല്‍ ഒരുപാടുപറയാനുണ്ട്..!

ഒരു ഹൗസ്ഡ്രൈവര്‍ക്ക് കിട്ടാവുന്ന കൂടിയ ശംബളം ആയിരം റിയാല്‍ അഥവാ ഏകദേശം പതിനൊന്നായിരം രൂപയാണ്. അതില്‍ നിന്നും നന്നേകുറഞ്ഞത് മുന്നൂറ് റിയാലെങ്കിലും ഭക്ഷണത്തിനും ഫോണ്‍ വിളിക്കും പോകും. വീട്ടുചിലവിനയക്കുന്ന മൂവായിരം രൂപ അവരുടെ ദാരിദ്ര്യംപോലും മാറ്റില്ല. സിഗരറ്റുവലിയും, തായ്‌ലാന്റ് ലോട്ടറിയും ഒന്നും ഇല്ലാത്ത ഒരാള്‍ക്ക് ഒരുപക്ഷെ നാനൂറു റിയാല്‍ മിച്ചം പിടിക്കാന്‍ സാധിച്ചേക്കും. വീട്ടിലോ തനിക്കോ ഒരാശുപത്രിക്കേസുവന്നാല്‍ അതും ഢിം....നാട്ടിലൊന്നു പോയിവരണമെങ്കില്‍ വല്ലവനോടും കടം മേടിക്കണം. തിരിച്ചുവരുമ്പോഴേക്കും വീണ്ടൂം കടം കേറിയിട്ടുണ്ടാകും. പിന്നെ മിച്ചംവക്കുന്ന കാര്യമൊക്കെ വിദൂരസ്വപ്നം മാത്രമാകും.

നിങ്ങള്‍ നാട്ടില്‍ ഒരോട്ടോറിക്ഷ ഓടിച്ചാല്‍ മതിയായിരുന്നല്ലോ കുടുംബത്തോടൊപ്പം ഇതിനേക്കാള്‍ നന്നായി ജീവിക്കാന്‍. കൂലിപ്പണിചെയ്തിരുന്നെങ്കില്‍ എത്ര സുഭിക്ഷമായിരുന്നേനെ! ഗള്‍ഫില്‍ പോയകാശുകൊണ്ട് പെട്ടിക്കടയിട്ടിരുന്നെങ്കില്‍ ജീവിക്കാന്‍ മുട്ടുണ്ടാകുമായിരുന്നോ; വല്ലവന്റെയും ആട്ടും തുപ്പും കേള്‍ക്കണമായിരുന്നോ?
നാട്ടില്‍ ആ പണിയൊക്കെ ചെയ്യാന്‍ നിങ്ങള്‍ക്ക് എന്തായിരുന്നു തടസ്സം?

നിങ്ങളെച്ചതിച്ചത് നിങ്ങള്‍ അനാവശ്യമായി ചുമന്നു നടന്നിരുന്ന കുടുംബ മഹിമയാണ്, തറവാടിത്തമാണ്. നൂറുപറക്കണ്ടമുണ്ടായിരുന്ന കുടുംബത്തിലെ സന്തതി മറ്റുള്ളവരുടെ പാടത്ത് പണിയെടുത്താല്‍ ഉരിഞ്ഞുപോകുന്ന തൊലിയുടെ ഇല്ലാത്ത മഹത്വമാണ്. ബസ്‌സ്റ്റോപ്പിലേക്ക് നടന്നുപോകുമ്പോള്‍ വഴിയില്‍കാണുവര്‍ ചോദിച്ച "ഒരു ടൂവീലറെടുത്തൂട്റാ...." എന്ന ചോദ്യംകേട്ടനുസരിച്ച നിങ്ങളുടെ ദുരഭിമാനമാണ്. സ്വമേധയാ കുടുംബമഹിമയുടെ, തറവാടിത്തത്തിന്റെ, ദുരഭിമാനത്തിന്റെ അടിമകളാകുകയായിരുന്നു നിങ്ങള്‍..ആ അടിമത്തമാണ് യാതൊരുനേട്ടവുമില്ലാത്ത ഈ വിടുവേലയും, ദാസ്യപ്പണിയും ചെയ്യാന്‍ നിങ്ങള്‍ക്ക് ഉളുപ്പില്ലാതാക്കിയത്..!

ഇനിയിപ്പോള്‍ ഇതൊക്കെ പറഞ്ഞിട്ടു വല്ല കാര്യവുമുണ്ടോ എന്നൊക്കെ ചിന്തിച്ച് വെറുതെ മനസ്സുവിഷമിപ്പിക്കണ്ട. തീരുമാനമെടുക്കുക, ആണായിട്ടു ജീവിക്കാന്‍. നിങ്ങള്‍ പണം മുടക്കി നടത്തുന്ന ഗവണ്മെന്റ് ഭരിക്കുന്ന നിങ്ങളുടെ നാട്ടില്‍ പട്ടിണികൂടാതെ പണിയെടുത്ത് പ്രിയതമയോടും, പ്രിയമക്കളോടും ഒപ്പം ജീവിക്കാന്‍. പെട്രോള്‍ വില താങ്ങാനാവില്ലെങ്കില്‍ ഗള്‍ഫുകാരന്റെ തലക്കനം തല്ലിപ്പൊളിച്ച് കുഴിച്ചുമൂടി കാല്‍നടയായോ, സൈക്കിളിലോ യാത്രചെയ്ത് ശീലിക്കാന്‍. പച്ചക്കറിവില കൂടുതലാണെങ്കില്‍ മുറ്റത്ത് വെണ്ടയും, ചേനയും, ചേമ്പും, തക്കാളിയും നട്ടു നനച്ച് സന്തോഷമായി ജീവിക്കാന്‍.

നിങ്ങളുടെ രോഗിയായ ഉമ്മക്ക് ആകെയുള്ള താങ്ങും തണലും വല്ലവന്റെയും ഭാര്യക്ക് ചന്തനിരങ്ങാനുള്ള ഹൗസ്‌ഡ്രൈവറായി ഇനിയെങ്കിലും വാടകക്കുകൊടുക്കാതിരിക്കുക. നാളെയല്ല; ഇന്ന് ഇപ്പോള്‍, ഈ നിമിഷം തീരുമാനിക്കുക..എങ്കില്‍ മരണശയ്യയിലുള്ള നിങ്ങളുടെ പിതാവിന് കലിമചൊല്ലിക്കൊടുക്കാനെങ്കിലും കഴിഞ്ഞേക്കും, മയ്യത്തു നമസ്‌കാരത്തിനു ഇമാമത്തു നില്‍ക്കാനും..!
 

sent by Shamim Vattakandathil 


www.kasaragodvartha.com.
the first specialized local news portal in malayalam; it is KASARAGOD's OWN PORTAL

brings Latest MALAYALAM and English news from your homeland. The portal also covers ethnicity, views, art, culture, education, career, sports, business, entertainment etc. along with state news, national and world news. Actually it is linking our homeland to Malayalees in Kerala, Karnataka, Maharashtra, Tamilnadu, Delhi, Andrapradesh, Gujarat and the world specially Gulf countries simultaneously

No comments:

Post a Comment

 
Copyright © 2011. kasaragodvartha.com | Kasaragod latest MALAYALAM and English news KASARAGOD Vartha, KERALA Vartha . All Rights Reserved